2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കളര്‍കോട്ടെ സുഭദ്രാഹരണം

SubhadraHaranam Kathakali at Kalarcode SriMahadeva Temple - An appreciation by Haree for Kaliyarangu blog.
ഒക്ടോബര്‍ 15, 2009: കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ആദ്യ ദിനം അരങ്ങേറിയ ‘നളചരിതം രണ്ടാം ദിവസ’ത്തെക്കുറിച്ച് ഇവിടെ വായിച്ചുവല്ലോ, രണ്ടാം ദിവസം കലാമണ്ഡലം ഗോപി അര്‍ജ്ജുനനേയും മാര്‍ഗി വിജയകുമാര്‍ സുഭദ്രയേയും അവതരിപ്പിച്ച ‘സുഭദ്രാഹരണം’ കഥകളി ആദ്യകഥയായി അവതരിക്കപ്പെട്ടു. മറ്റൊരു ഉദാഹരണം പറയുവാനില്ലാത്ത അവതരണശൈലിയാല്‍ പ്രസിദ്ധിയാര്‍ജിച്ച ‘മാലയിടല്‍’ എന്ന ചടങ്ങോടെ കഥ ആരംഭിക്കുന്നു. വീരശൃംഗാരരസങ്ങള്‍ക്ക് മുന്‍‌തുക്കം നല്‍കി കരുണ, ആശ്ചര്യം, ലജ്ജ എന്നീ ഭവങ്ങളിലൂടെ സഞ്ചരിച്ച് അവതരിപ്പിക്കേണ്ട ഈ ഭാഗത്തെ അര്‍ജ്ജുനന്‍ വേഷക്കാരുടെ മാറ്റുരയ്ക്കുന്ന ഒന്നാണ്. ചെണ്ടയുടെ വലന്തലയുടെ സാധ്യതകള്‍ പരീക്ഷിക്കപ്പെടുന്ന ഈ രംഗം മേളക്കാര്‍ക്കുമൊരു വെല്ലുവിളി തന്നെ. അര്‍ജ്ജുനനായെത്തിയ കലാമണ്ഡലം ഗോപിയും മേളമൊരുക്കിയ കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ പ്രസാദ്, കോട്ടക്കല്‍ രാധാകൃഷ്ണന്‍, മനു തുടങ്ങിയവരും സന്ദര്‍ഭമാവശ്യപ്പെടുന്ന മികവ് പുറത്തെടുത്തപ്പോള്‍, ആദ്യരംഗം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമായി മാറി.





“കേട്ടാലും വചനം...” എന്ന ശ്രീകൃഷ്ണന്റെ പദത്തോടെയാണ് അടുത്ത രംഗം ആരംഭിക്കുന്നത്. ശ്രീകൃഷ്ണനായെത്തിയ കലാമണ്ഡലം ശ്രീകുമാര്‍ മോശമാവാതെ അരങ്ങില്‍ പ്രവര്‍ത്തിച്ചു. സുഭദ്രയെ നേടുവാനായി താന്‍ ചെയ്ത കാര്യങ്ങള്‍ സ്മരിച്ചുകൊണ്ടുള്ള അര്‍ജ്ജുനന്റെ “കഷ്ടം! ഞാന്‍ കപടം...” എന്ന പദമാണ് തുടര്‍ന്ന്. ഈ പദത്തിന്റെ ചരണങ്ങളിലുള്ള ‘കഷ്ടം’, ‘ഒട്ടല്ല’, ‘പെട്ടെന്ന്’, ‘ഞെട്ടുന്നു’, ‘ജളത’ എന്നിവയൊക്കെയും പ്രതിഭാശാലിയായ ഒരു നടന് ചെയ്ത് പൊലിപ്പിക്കുവാനുള്ള അവസരങ്ങളാണ്. ഇന്ന്‍ അരങ്ങില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരില്‍, കലാമണ്ഡലം ഗോപിയ്ക്കല്ലാതെ മറ്റാര്‍ക്കും ഈ ഭാഗം ഇത്രത്തോളം ചെയ്തു ഫലിപ്പിക്കുവാന്‍ കഴിയുമെന്നു കരുതുകവയ്യ. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട്, അര്‍ജ്ജുനന്‍ എന്തുകൊണ്ട് ഈ വാക്കുകള്‍ ഉപയോഗിച്ചു എന്നു മനസിലാക്കിയുള്ള ഗോപിയാശാന്റെ ഇവിടുത്തെ അര്‍ജ്ജുനന്‍, സമകാലീന അരങ്ങുകളില്‍ മികച്ചു നില്‍ക്കുന്നു. തുടര്‍ന്നുള്ള ശ്രീകൃഷ്ണന്റെ “ഉത്സവം അവധം, വീര!” എന്നു തുടങ്ങുന്ന പദത്തില്‍ “ഗമിക്കുന്നേന്‍ അഹം...” എന്ന ഭാഗത്ത് മുഖത്തു മ്ലാനത വരുത്തി, “ഉടനേ തവ നികടേ വന്നിടാം...” എന്നു കേട്ട് വീണ്ടും പ്രസാദമാവുന്ന രംഗബോധമുള്ള അര്‍ജ്ജുനന്മാരും ഇന്നു കുറയും! സുഭദ്രയുമായി പോവുമ്പോള്‍ യോദ്ധാക്കള്‍ തടുത്താല്‍, അവരെ വധിക്കാതെ സുഭദ്രയുമായി ഗമിക്കുക എന്നു പറഞ്ഞ് ശ്രീകൃഷ്ണന്‍ അര്‍ജ്ജുനന്റെ സമീപത്തു നിന്നും വിടവാങ്ങുന്നു.


അര്‍ജ്ജുനന്റെ സുഭദ്രയോടുള്ള “കഞ്ജദളലോചനേ!” എന്ന പതിഞ്ഞ ശൃംഗാര പദമാണ് അടുത്തരംഗത്തിന്റെ ആരംഭം. പദാംബുജം നോക്കി നമ്രശിരസ്കയായി നില്‍ക്കുന്ന സുഭദ്രയായി മാര്‍ഗി വിജയകുമാര്‍ അരങ്ങിലെത്തി. അര്‍ജ്ജുനന്റെ വിശേഷവചനങ്ങള്‍ക്ക് ചേരുന്ന മുഖഭാവവും ശരീരഭാഷയും സുഭദ്രയ്ക്കു നല്‍കുവാന്‍ മാര്‍ഗി വിജയകുമാര്‍ ശ്രദ്ധവെച്ചു. തലേ ദിവസത്തെ നളനില്‍ മങ്ങിപ്പോയ ശൃംഗാരരസം കുറവുകളില്ലാതെ അര്‍ജ്ജുനനു നല്‍കുവാന്‍ കലാമണ്ഡലം ഗോപിക്കു സാധിച്ചു. തുടര്‍ന്നുള്ള മനോധര്‍മ്മത്തില്‍, തന്റെ സൌഭാഗ്യത്തെ സ്മരിച്ചതിനു ശേഷം സുഭദ്രയെ പിരിയുന്നത് തനിക്ക് അസഹ്യമാണെന്ന് മനസിലാക്കി, ഒരുമിച്ച് വസിക്കുകയല്ലേയെന്ന് അര്‍ജ്ജുനന്‍ ചോദിക്കുന്നു. അതേയെന്ന ഉത്തരത്തില്‍ പുളകിതനായി, ‘മുനിയായി വേഷം മാറിയിരുന്ന സമയത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നുവോ?’ എന്നായി അര്‍ജ്ജുനന്റെ അടുത്ത ചോദ്യം. ഉവ്വെന്ന സുഭദ്രയുടെ ഉത്തരം കേട്ട്, ‘കൃഷ്ണനെപ്പോലെ എല്ലാ കള്ളത്തരങ്ങളും വശമുണ്ടല്ലേ?’ എന്നു കളിയായി അര്‍ജ്ജുനന്‍ പറയുന്നു. ‘എങ്ങിനെ മനസിലാക്കി?’ എന്നൊരു ചോദ്യവും, ‘കൈയിലെ വില്ലുപിടിച്ച തഴമ്പു കണ്ടു മനസിലാക്കി’ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ലക്ഷണം കൊണ്ട് മനസിലാക്കി എന്ന സുഭദ്രയുടെ ഉത്തരവും കൂടി ആവാമായിരുന്നെന്നു തോന്നി. തേരു വരുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ച്, ‘അല്ലയോ ദയിതേ! നമുക്ക് പോകുവാനുള്ള തേര് വന്നു. പെട്ടെന്ന് പോവുകയല്ലേ?’. ‘അപ്രകാരം തന്നെ!’ എന്നു പറയുന്ന സുഭദ്ര, അര്‍ജ്ജുനന്‍ ചിന്താധീനനായി നില്‍ക്കുന്നതു കണ്ട് കാര്യം തിരക്കുന്നു. ‘ആരാണ് തേര്‍ തെളിക്കുക?’ എന്ന തന്റെ സന്ദേഹം വെളിപ്പെടുത്തുന്ന അര്‍ജ്ജുനനോട് അതു താന്‍ ചെയ്യാമെന്ന് സുഭദ്ര പറയുന്നു. സുഭദ്രയ്ക്ക് തേരു തെളിക്കുവാന്‍ അറിയാമോ എന്ന് അത്ഭുതത്തോടെ അര്‍ജ്ജുനന്‍ ചോദിക്കുമ്പോള്‍, ‘അറിയാം. എന്നെ കുട്ടിക്കാലത്തു തന്നെ ശ്രീകൃഷ്ണന്‍ തേരു തെളിക്കുവാന്‍ പഠിപ്പിച്ചു.’ ഇതുകേട്ട് കൃഷ്ണനെ കൃതാര്‍ത്ഥതയോടെ വിചാരിച്ച്, ഇരുവരും തേരില്‍ കയറി തിരിക്കുന്നു.


അല്പദൂരം സഞ്ചരിക്കുമ്പോള്‍ അവിടവിടെയായി സ്ഥിതി ചെയ്യുന്ന യോദ്ധാക്കളെ കാണുന്നു. ‘ഇവളോടൊത്ത് ഇവരെ ഞാന്‍ എന്തു ചെയ്യും?’ എന്നു ചിന്തിച്ച്, ‘ഇവരെ പോരിനു വിളിക്കുക തന്നെ!’ എന്നുറയ്ക്കുന്നു. ദ്വാരഭൂമിയില്‍ വാഴും വീരന്മാരോട്, “കണ്ടുകൊള്ളഹോ! കൊണ്ടല്‍‌വേണിയെ ഇണ്ടലെന്നിയേ കൊണ്ടുപോവുന്നേന്‍!” എന്നാണ് അര്‍ജ്ജുനന്റെ പദം. തുടര്‍ന്ന് വിപുധു എന്ന യോദ്ധാവുമായുള്ള യുദ്ധമാണ്. വിപുധു എന്നൊരു വേഷം സാധാരണയായി അരങ്ങിലെത്താറില്ല. അര്‍ജ്ജുനന്‍ യുദ്ധം ചെയ്യുന്നതായി ആടി സുഭദ്രയുമായി ഗമിക്കുകയാണ് പതിവ്. ഇവിടെയും ഈ രീതിയില്‍ തന്നെയാണ് അവതരിക്കപ്പെട്ടത്. ഈ ഭാഗങ്ങളില്‍ കലാമണ്ഡലം ഗോപിയുടെ കലാശങ്ങളിലും മറ്റും കാണപ്പെട്ട ഊര്‍ജ്ജം അതിശയിപ്പിക്കുന്നതായിരുന്നു.


സുഭദ്രയെ ഒരു സന്യാസി അപഹരിച്ചുകൊണ്ടുപോയി, അത് സന്യാസിയായെത്തിയ അര്‍ജ്ജുനനായിരുന്നു എന്നിങ്ങനെ മൂന്നു ബ്രാഹ്മണര്‍ തമ്മില്‍ ലോഹ്യം പറയുന്നതാണ് അടുത്ത രംഗം. ആര്‍.എല്‍.വി. സുനില്‍, ആര്‍.എല്‍.വി. പ്രമോദ് എന്നിവര്‍ പദമാടി അവസാനിപ്പിച്ചതല്ലാതെ മറ്റൊന്നും ഈ രംഗത്തില്‍ ചെയ്യുകയുണ്ടായില്ല. കോട്ടക്കല്‍ ചന്ദ്രശേഖര വാര്യരുടെ ബലഭദ്രനും കലാമണ്ഡലം ശ്രീകുമാറിന്റെ ശ്രീകൃഷ്ണനും ഒരുമിച്ച അവസാനരംഗം പൂര്‍ണമായി കാണുവാന്‍ സാധിച്ചില്ല. അതിനാല്‍ ആ ഭാഗങ്ങളെക്കുറിച്ച് ഒന്നും പറയുവാനില്ല.

സംഗീതത്തിനും മേളത്തിനുമെല്ലാം വളരെ പ്രാധാന്യമുള്ളവയാണ് ‘മാലയിടലി’നു ശേഷം വരുന്ന രംഗങ്ങളും. പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയോടൊപ്പം തുടക്കത്തില്‍ കോട്ടക്കല്‍ മധുവും ബ്രാഹ്മണരുടെ രംഗത്തിന് കലാനിലയം രാജീവനും സംഗീതത്തിനു കൂടി. മുന്‍പ് സൂചിപ്പിച്ച അര്‍ജ്ജുനന്റെ പദഭാഗങ്ങളിലെ പ്രമുഖപദങ്ങളുടെ മുദ്രകള്‍ നടന്‍ ആവിഷ്കരിക്കുമ്പോള്‍, കൂടുതല്‍ ഊര്‍ജ്ജം ആലാപനത്തില്‍ കൊണ്ടുവന്നാണ് ഇരുവരും പദങ്ങള്‍ ആലപിച്ചത്. കലാമണ്ഡലം കൃഷ്ണദാസും കോട്ടക്കല്‍ പ്രസാദും
ചെണ്ടയിലും; കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും നന്നായിത്തന്നെ നടന്മാരെ പിന്തുണച്ചു. സാങ്കേതിക കാരണങ്ങളാല്‍ രണ്ടാമതായി ഒരു ഒന്നാം നിര മദ്ദളക്കാരന്‍ ഇല്ലാതെ പോയതിന്റെ കുറവ് അരങ്ങില്‍ അനുഭവപ്പെടുവാനുണ്ടായിരുന്നു. എങ്കിലും തുടക്കക്കാരനായ മനു കഴിയും വിധം അരങ്ങില്‍ മേളത്തിനു കൂടി. ബ്രാഹ്മണരുടെ ഭാഗത്ത് മാര്‍ഗി കൃഷ്ണകുമാറിനും ചെണ്ടയില്‍ അവസരം ലഭിച്ചു. ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, കലാനിലയം സജി എന്നിവരുടെ അന്നേ ദിവസത്തെ ചുട്ടിയും മികവു പുലര്‍ത്തി. മൂന്നു ഭാഗവും ഇരുണ്ട കര്‍ട്ടനിട്ടു മറയ്ക്കുക എന്നതു ചെയ്തിട്ടില്ലാത്തതും പിന്‍‌കര്‍ട്ടന്‍ മഞ്ഞയായതും അരങ്ങിലെ വേഷങ്ങളുടെ പ്രൌഢി വല്ലാതെ കുറച്ചു. കഥകളികള്‍ നടത്തുന്നതിനപ്പുറം, അരങ്ങു സജ്ജീകരണം മുതലായ കാര്യങ്ങളിലും സംഘാടകര്‍ ശ്രദ്ധ വെയ്ക്കേണ്ടത് അത്യാവശ്യമാണ്. ചുരുക്കത്തില്‍, കലാകാരന്മാരുടെ പ്രവര്‍ത്തിമികവിനാല്‍ ആദ്യഭാഗങ്ങള്‍ വളരെ ആസ്വാദ്യകരമായിത്തീര്‍ന്ന ഒരു ‘സുഭദ്രാഹരണം’ കഥകളിയായിരുന്നു കളര്‍കോട്ട് നടന്നത്.

Description: Kathakali: Organized by Alappuzha District Kathakali Club as part of Kalarkode SriMahadeva Temple Festival. Kalamandalam Gopi as Arjunan, Margi Vijayakumar as Subhadra, Kalamandalam Sreekumar as SriKrishnan, RLV Sunil as Indran and Brahmanan, RLV Pramod as Brahmanan, Kottackal Chandrasekhara Warrier as Balabhadran (Balaraman); Vocal by Pathiyur Sankarankutty, Kottackal Madhu, Kalanilayam Rajeevan; Chenda by Kalamandalam Krishnadas, Kottackal Prasad; Maddalam by Kottackal Radhakrishnan, Manu; Idayka by ; Chutty by Cherthala Viswanathan Nair, Kalanilayam Saji. An appreciation by Hareesh N. Nampoothiri aka Haree | ഹരീ for Kaliyarangu Blog. October 15, 2009.
--

7 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

കളര്‍കോട് ശ്രീമഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവത്തോട് അനുബന്ധിച്ചു നടന്ന ‘സുഭദ്രാഹരണം’ കഥകളിയുടെ ആസ്വാദനം.
--

വികടശിരോമണി പറഞ്ഞു...

:)
നല്ല കളികൾ,പ്രത്യേകിച്ചും നല്ല സുഭദ്രാഹരണം-നടക്കുന്നു എന്നു കേൾക്കുന്നത് സന്തോഷകരം:)

Unknown പറഞ്ഞു...

Haree :-)

'Aanandalabdhikkini enthu vendu !!!'

After seeing gopiashans arjunan in subadrahaharanam, one can only exclaim like this. What more can be a treat to our eyes than his arjunan ! Very thrilled and happy to read Ashan was in 'full form' that day.

Your pics of his arjunan reminds me of ashans subadraharanam in kottakkal ulsavam kali of april 2007, had gone all the way from palakkad, while i was on holiday, disregarding heavy rains, just to see his subadraharanam. And yes, it was really 'kanninakkanandham' as always...

Waiting with same eagerness to read your next half, with mention abt Ashtakalasam etc. Dont keep us waiting for long :-)

Cheers !

Ranjini
Dubai

Unknown പറഞ്ഞു...

It is nice to read comments/appreciation. But one needs to watch all artistes and not confine to Gopiasan alone. The attitude of this young friend to compare others with Gopiasan is not at all appreciable. Every artist must be rated on his merits, scope and possibilities.
Being a resident of kalarcode, Mr. haree must be in forefront to organise, co operate in stage arrangements so on .. so forth. Kalarcode Murali

Haree പറഞ്ഞു...

@ വികടശിരോമണി,
:-) നന്ദി.

@ Ranjini,
As I pointed out in the last paragraph, I missed a few portions of Balaraman and SriKrishnan, so I won't be writing in detail about those portions. Thank you for the comment. :-)

@ veena,
Thank you. :-) Making comparisons and saying one artist is right and another one is wrong; both are entirely different. When I say about 'Sthayi', I am mentioning about Gopi asan or posting a photograph of his vesham; it is for the readers to understand what I really mean. I am not comparing two artists, which I too agree is meaningless. Regarding organizing, I tried to point out the problems of the stage at Pazhaveedu Library on the day before, but it was not adressed. I mentioned it in my appreciaiton on that Kali. (LINK)

My thoughts on stage, lights etc. for a Kathakali stage is mentioned here. (LINK) Also go through the comments.
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഹരീ,
കളി നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം. പ്രത്യേകിച്ച് ഗോപിയാശാനും ഗായകരും വാദ്യക്കാരും എല്ലാവരും നന്നായി എന്നറിഞ്ഞതില്‍(അല്ല, അങ്ങിനെ ഒരുമിച്ച് നന്നായാലെ സുഭദ്രാഹരണം പോലെയുള്ള കഥകള്‍ വിജയിക്കുകയുള്ളു)
പിന്നെ ഒരു അഭിപ്രായം-
‘മുനിയായി വേഷം മാറിയിരുന്ന സമയത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നുവോ?’ തുടങ്ങിയ ചോദ്യോത്തരങ്ങള്‍ ഇവിടെ ഔചിത്യപരമെന്നു തോന്നുന്നില്ല. അര്‍ജ്ജുനനെ സുഭദ്ര തിരിച്ചറിയുന്നത് അര്‍ജ്ജുനന്‍ തന്നെ പറയുമ്പോള്‍ മാത്രമാണ്. അല്ലാതെ കൈയ്യിലെ തഴമ്പുകണ്ട് തിരിച്ചറിയുന്നതായി കഥയിലോ ആട്ടകഥയിലോ പറയുന്നില്ല.
ഇനി ചില പിശകുകളും-
“കണ്ടുകൊള്ളഹോ! കൊണ്ടല്‍‌വേണിയെ ഇണ്ടലെന്നിയേ കൊണ്ടുപോവുന്നേന്‍!” എന്ന അര്‍ജ്ജുനന്റെ പദത്തെ തുടര്‍ന്ന് വിപൃഥു(വിപുധു അല്ല വിപൃഥു) എന്ന യോദ്ധാവുമായുള്ള യുദ്ധമല്ല. ദ്വാരപാലകരുമായാണ് യുദ്ധം. തുടര്‍ന്ന്‍ പന്ദ്രണ്ടാം രംഗത്തിലാണ് അര്‍ജ്ജുനന്‍ വിപൃഥുവുമായി യുദ്ധം ചെയ്യുന്നത്.

സുഭദ്രാഹരണം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം-
http://kathayarinjuattamkanu.blogspot.com/search/label/%E0%B4%B8%E0%B5%81%E0%B4%AD%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B9%E0%B4%B0%E0%B4%A3%E0%B4%82

Haree പറഞ്ഞു...

"അര്‍ജ്ജുനനെ സുഭദ്ര തിരിച്ചറിയുന്നത് അര്‍ജ്ജുനന്‍ തന്നെ പറയുമ്പോള്‍ മാത്രമാണ്." - ഇവിടുത്തെ ആട്ടത്തില്‍ അന്നു തന്നെ തിരിച്ചറിഞ്ഞു എന്ന് സുഭദ്ര ആടുകയുണ്ടായല്ലോ, അപ്പോള്‍ ഇങ്ങിനെയൊന്നു കൂടി ആകാം എന്നു തോന്നി. (സുഭദ്ര തിരിച്ചറിയുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.)
ദ്വാരഭൂമിയില്‍ വാഴും വീരന്മാരോടാണ് പദമാടിയുദ്ധം. അതിനു ശേഷം വിപൃഥുവുമായും യുദ്ധം ചെയ്യുന്നു. ആ കഥാപാത്രമോ യുദ്ധമോ പ്രത്യേകമായി ആടാറില്ല എന്നുദ്ദേശം.
--

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--