ആസന്നമായ കുരുക്ഷേത്ര യുദ്ധത്തില്‍ തന്റെ ഭര്‍ത്താവ് വധിക്കപ്പെടുമോ എന്ന ശങ്കയില്‍ ഖിന്നയാവുന്ന ഭാനുമതിയേയും, അവളെ സമാധാനിപ്പിക്കുവാന്‍ ശ്രമിക്കുന്ന ദുര്യോധനനേയുമാണ് ആദ്യ രംഗത്തില്‍ നാം കാണുന്നത്. ദുര്യോധനനെ കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താന് തരക്കേടില്ലാതെ അവതരിപ്പിച്ചപ്പോള്‍, സൂക്ഷ്മഭാവങ്ങളും ചലനങ്ങളും നല്കി ഭാനുമതിയെ ഏറെ മികച്ചതാക്കുവാന്‍ മാര്‍ഗി വിജയകുമാറിനു കഴിഞ്ഞു. അളവില്ലാതെ വളരുന്ന ഭയത്തെക്കുറിച്ച് പറയുമ്പോള്‍, അതിനെക്കുറിച്ചൊന്നോര്ത്ത് ഞെട്ടിയതിനു ശേഷമാണ് ആട്ടത്തിലേക്ക് പോവുന്നത്. മാത്രമല്ല, തന്റെ ഭയം വെറുതേയല്ല, പാഞ്ചാലിയുടെ ശാപം മൂലമാണ് എന്നൊരു കൂട്ടിച്ചേര്‍ക്കലും വിജയകുമാറിന്റെ ഭാനുമതിയില്‍ നിന്നുമുണ്ടായി. ദുര്യോധനനാവട്ടെ അഞ്ചുഭര്‍ത്താക്കന്മാരുള്ള, പാതിവ്രത്യശക്തിയില്ലാത്ത പാഞ്ചാലിയുടെ ശാപമൊന്നും തനിക്കേല്‍ക്കില്ല എന്നു പറഞ്ഞ്, ഭാനുമതിയുടെ ഈ സംശയം നിസ്സാരമായി തള്ളിക്കളയുകയും ചെയ്യുന്നു. ഒടുവില്‍ ദുര്യോധനന് സ്നേഹത്തോടെ ഭാനുമതിയെ ആലിംഗനം ചെയ്യുമ്പോഴും, ഭാനുമതി ചിന്താധീനയായിത്തന്നെ തുടരുന്നു. (ചിത്രം ശ്രദ്ധിക്കുക) ആലിംഗനം ചെയ്യുന്ന വേളയില്‍ കൊണ്ടുവന്ന ഈയൊരു ഭാവമാറ്റം മാര്‍ഗി വിജയകുമാറിന്റെ ഭാനുമതിക്ക് വേറിട്ടൊരു വ്യക്തിത്വം തന്നെ നല്‍കിയെന്ന് ഉറപ്പിച്ചു പറയാം.
ആ സമയം അവിടെയെത്തുന്ന കര്ണ്ണന് ദുഃഖിതയായ ഭാനുമതിയെക്കണ്ട് കാര്യം തിരക്കുന്നു. കുരുക്ഷേത്രയുദ്ധത്തില്‍ താന്‍ വധിക്കപ്പെടുമോ എന്നു ചിന്തിച്ചാണ് ഇവള് ദുഃഖിക്കുന്നതെന്ന് പൂര്‍ത്തിയാക്കുവാന്‍ കര്ണ്ണന് ദുഃര്യോധനനെ അനുവദിക്കുന്നില്ല. പിന്നീട് ഭാനുമതിയോട്, താന്‍ ജീവനോടെയിരിക്കുമ്പോള്‍ അപ്രകാരം സംഭവിക്കുക അസാധ്യമെന്ന് കര്ണ്ണന് ഉറച്ചു പറയുന്നു. പദങ്ങള്‍ക്കിടയിലുള്ള ചെറിയ ആട്ടങ്ങളും പ്രതികരണങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കര്‍ണ്ണനും ഭാനുമതിയും ഒരുമിച്ചുള്ള രംഗം. വല്ലഭന് ആത്മതുല്യനായ നീ എനിക്ക് സോദരതുല്യനാണ് എന്നു ഭാനുമതി പറയുമ്പോള്‍, തുല്യനല്ല സോദരന് തന്നെയാണ് എന്നാണ് കര്‍ണ്ണന്റെ പ്രതികരണം. ഭാനുമതിയുടെ ഭയാശങ്കകളകറ്റുവാന് കര്‍ണ്ണനു കഴിഞ്ഞതില്‍ തിരികെയെത്തുന്ന ദുര്യോധനന് സന്തോഷിക്കുന്നു. കൂടിയാലോചനകള്‍ക്കായി മന്ത്രിമാര്‍ വന്നിട്ടുണ്ട് എന്ന് ദുഃശാസനന് അറിയിച്ചതനുസരിച്ച് ദുര്യോധനന് തന്ത്രഗൃഹത്തിലേക്ക് പോവുന്നു. കലാമണ്ഡലം ഹരി ആര്. നായര്‍ ദുഃശാസനന് ആവശ്യമായ ചടുലതയോടെ "കാലിണകൈ തൊഴുതീടുന്നേന്..." എന്ന പദം ഭംഗിയാക്കി. ഗംഗയില്‍ ഒരു സ്നാനം കഴിഞ്ഞ് താനുടനെ എത്തിക്കോളാം എന്നു പറഞ്ഞ് കര്ണ്ണന് നന്ദീതീരത്തേക്ക് പുറപ്പെടുന്നു.
താന്‍ രാധേയന് തന്നെയാണോ എന്ന് കര്‍ണ്ണന്റെ സംശയത്തിനു കാരണമായ മൂന്ന് സന്ദര്‍ഭങ്ങളാണ് കലാമണ്ഡലം ഗോപി മനോധര്‍മ്മമായി ഇവിടെ അവതരിപ്പിച്ചത്. ഒരിക്കല്‍ പല്ലക്കില്‍ പോവുകയായിരുന്നു കുന്തീദേവി വഴിയരികില്‍ തന്നെ കണ്ട് നിര്‍ത്തി സങ്കടപ്പെട്ട് പോവുന്നത്, പരശുരാമന് ക്ഷത്രിയനെന്നു പറഞ്ഞ് തന്നെ ശപിക്കുന്നത്, കവചകുണ്ഡലങ്ങള്‍ വാങ്ങുവാനായി ഇന്ദ്രന് ബ്രാഹ്മണവേഷത്തിലെത്തുമെന്ന് സൂര്യദേവന് മുന്നറിയിപ്പു നല്‍കുന്നത് (പിന്നീട് കുന്തി സൂര്യദേവനാണ് കര്‍ണ്ണന്റെ അച്ഛന് എന്നറിയിക്കുമ്പോള്‍, അതിനാലാണ് തനിക്ക് മുന്നറിയിപ്പു നല്‍കിയതെന്ന് കര്ണ്ണന് ഓര്‍ത്തെടുക്കുന്നുമുണ്ട്.) എന്നീ കാര്യങ്ങളാണ് കര്ണ്ണന് താന്‍ ആരെന്ന് സംശയമുണ്ടാക്കുന്നത്. ഈ കഥാഭാഗങ്ങളെല്ലാം ആടുകമാത്രമല്ല, കര്‍ണ്ണന്റെ മനോവികാരവുമായി ഇവയെ ഭംഗിയായി കൂട്ടിയിണക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് കലാമണ്ഡലം ഗോപിയുടെ കര്‍ണ്ണനെ മികച്ചതാക്കുന്നത്. തുടര്‍ന്ന് ഗംഗോല്പത്തിയില് ശിവന് കാരണമായി ഗംഗയുടെ അഹങ്കാരം ശമിക്കുന്ന ഭാഗം മാത്രമായി ആടുകയുണ്ടായി. അപ്രകാരം ഗര്‍വ്വം നശിച്ച ഗംഗയില്‍ സ്നാനം ചെയ്താല്‍ ഏതു പാപവുമൊഴിയും, അതിനാല്‍ സ്നാനം കൊണ്ട് തനിക്കും സമാധാനം ലഭിച്ചേക്കാം എന്ന രീതിയിലാണ് ഗോപിയാശാന് ഗംഗയുടെ ഉല്പത്തി കഥ ഇവിടേക്ക് ചേര്‍ത്തുവെച്ചത്. ('ഗംഗോല്പത്തി' എന്ന ഉപകഥ ഇവിടെ വായിക്കാം.)
KarnaSapatham
Mathur Bhagavathi Temple, Nedumudi, AlappuzhaWritten by
- Mali Madhavan Nair
Actors
- PadmaSri Kalamandalam Gopi as Karnan
- Mathur Govindankutty as Kunthi
- Kalamandalam Ramachandran Unnithan as Duryodhanan
- Margi Vijayakumar as Bhanumathi
- Kalamandalam Hari R. Nair as Dussasanan
Singers
- Pathiyoor Sankarankutty
- Kalamandalam Babu Namboothiri
Accompaniments
- Kalamandalam Krishnadas in Chenda
- Kalamandalam Achutha Warier in Maddalam
Chutty
- Kalamandalam Sukumaran
- Kalanilayam Saji
Kaliyogam
- Sandarsan Kathakali Vidyalayam, Ambalappuzha
Organized by
Date- Mathur Kalari
ഇപ്പോള്‍ പതിവായി കാണാറുള്ളതുപോലെ, തുടര്‍ന്നുള്ള ദുഃശാസനന്റെയും ദുര്യോധനന്റേയും പദങ്ങള്‍ ഒഴിവാക്കിയും "കഥയെല്ലാമറിവായി..." ചുരുക്കിയുമാണ് ഇവിടെയും അവതരിക്കപ്പെട്ടത്. 'പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നു...' എന്നു പറയുന്ന ദുഃശാസനനോട്, 'വന്നില്ലെങ്കിലോ?' എന്നും, വന്നില്ലായെങ്കില്‍ ജ്യേഷ്ഠന് കോപിക്കുമെന്നു തുടര്‍ന്നു പറയുമ്പോള്‍, 'ജ്യേഷ്ഠന് കോപിക്കുമെന്നോ, എനിക്കൊരു ചുക്കുമില്ല!' എന്നും മറ്റുമുള്ള കര്‍ണ്ണന്റെ അനാവശ്യ ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു. 'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട് ദുര്യോധനന് 'ഒരിക്കലുമില്ല!' എന്നു തീര്‍ത്തു പറയുന്നു. 'ഉറപ്പാണോ?' എന്നെടുത്ത് ചോദിച്ചിട്ടും ദുര്യോധനനു കുലുക്കമില്ലെന്നു കണ്ട്, 'എന്നാലിനെ വെറുതേ ഒരു ശപഥം ഇതാ പിടിച്ചോ!' എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങള്‍. കര്‍ണ്ണന്റെ വിശ്വാസ്യതയെക്കുറിച്ച് ദുര്യോധനന് ഒരു സംശയവുമുണ്ടാകുവാന്‍ തരമില്ല എന്നൊക്കെ വാദിച്ച് ദുര്യോധനന്റെ ആട്ടത്തെ ന്യായീകരിക്കാമെങ്കിലും, കര്‍ണ്ണന്റെ ശപഥത്തിനു പ്രസക്തി കൊണ്ടുവരുവാന്‍ ഈ ആട്ടം അവസരം നല്‍കുന്നില്ല.
UPDATE: മേല്‍ പറഞ്ഞ രീതിയില്‍ ദുഃശാസനന്റെ വാക്കുകള്‍ കേട്ട് മനസൊന്ന് ചെറുതായിളകി എന്ന ദുര്യോധനന്റെ ആട്ടം സന്ദര്‍ഭത്തിന് അത്ര കണ്ട് യോജിച്ചതല്ല. അതിലും നല്ലത് ഇപ്രകാരം അവതരിപ്പിക്കുന്നതാണെന്നു കരുതുന്നു. 'ഉറപ്പാണോ?' എന്ന് കര്ണ്ണന് ചോദിക്കുമ്പോള്‍, 'എനിക്ക് ഒരു സംശയവുമില്ല, പക്ഷെ ഇവന്റെ (ദുഃശാസനനെ ചൂണ്ടി) തെറ്റിദ്ധാരണ മാറ്റണമെന്നുണ്ടായിരുന്നു. അതിനാലങ്ങിനെ പറഞ്ഞു.' എന്നോ മറ്റോ ദുര്യോധനന് ആടാമായിരുന്നു. അങ്ങിനെ പറയുമ്പോള്‍, 'ലോകത്ത് ഒരാള്‍ക്കും നമ്മളുടെ സ്നേഹബന്ധത്തില്‍ സംശയം തോന്നരുത്, അതിനുവേണ്ടി ഇതാ ഞാന്‍ ശപഥം ചെയ്യുന്നു...' എന്നു കര്ണ്ണന് തുടരുകയും ചെയ്യാം. (കമന്റുകളില്‍ അംബുജാക്ഷന് നായരുടെ കമന്റ് ശ്രദ്ധിക്കുക.)
ഉപകഥകള്‍
കര്‍ണ്ണനും കവചകുണ്ഡലങ്ങളും
- കവചകുണ്ഡലങ്ങള്‍ അണിഞ്ഞാണ് കര്‍ണ്ണന്റെ ജനനം. ഇവയുള്ളപ്പോള്‍ കര്‍ണ്ണനെ വധിക്കുവാന്‍ ആരാലും സാധിക്കുകയില്ല എന്ന് സൂര്യഭഗവാന് അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതറിയാവുന്ന ഇന്ദ്രന് അര്‍ജ്ജുനന്റെ രക്ഷയെക്കരുതി കവചകുണ്ഡലങ്ങള്‍ കര്‍ണ്ണനില്‍ നിന്നും ദാനമായി ആവശ്യപ്പെടുവാന്‍ തീരുമാനിക്കുന്നു. ഇന്ദ്രന്റെ ഈ ഗൂഢോദ്ദേശം മനസിലാക്കുന്ന സൂര്യന് കര്‍ണ്ണന്റെ സ്വപ്നത്തില്‍ ഒരു ബ്രാഹ്മണനായെത്തി, ഇന്ദ്രന്റെ തന്ത്രം അറിയിക്കുന്നു. ഒരിക്കലും അവ ദാനം ചെയ്യരുതെന്ന സൂര്യദേവന്റെ ആവശ്യം കര്ണ്ണന് നിരാകരിക്കുന്നു. ദാനധര്‍മ്മത്തില്‍ നിന്നും കര്ണ്ണന് പിന്മാറില്ല എന്നു കണ്ട്, അങ്ങിനെയെങ്കില്‍ ശത്രുസംഹാരത്തിനായി ഒരു ദിവ്യായുധം പകരം വരമായി വാങ്ങണമെന്ന് മകനെ സൂര്യന് ഉപദേശിക്കുന്നു. സൂര്യഭഗവാന് പറഞ്ഞതുപോലെ പിന്നീടൊരുനാള്‍ ഇന്ദ്രന് ബ്രാഹ്മണവേഷത്തിലെത്തി കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ യാചിക്കുന്നു. വന്നിരിക്കുന്നത് ഇന്ദ്രനാണെന്നും, വരവിന്റെ ഉദ്ദേശവും അറിയാവുന്ന കര്ണ്ണന് 'വൈജയന്തി' എന്ന ദിവ്യാസ്ത്രം ഇന്ദ്രനില് നിന്നും കരസ്ഥമാക്കിയതിനു ശേഷം തന്റെ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്യുന്നു. അര്‍ജ്ജുനനില്‍ പ്രയോഗിക്കുവാനാണ് കര്ണ്ണന് ഈ അസ്ത്രം കരുതിയതെങ്കിലും, ഘടോല്‍ക്കചനെ വീഴ്ത്തുവാനായി ഈ അസ്ത്രം ഉപയോഗിക്കുവാന്‍ പിന്നീട് കര്ണ്ണന് നിര്‍ബന്ധിതനായി.
ചുരുക്കത്തില്‍; മാര്‍ഗി വിജയകുമാറിന്റെ ഭാനുമതി, കലാമണ്ഡലം ഗോപിയുടെ കര്ണ്ണന്, ഒരു പരിധിവരെ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ കുന്തി, മികവു പുലര്‍ത്തിയ മേളവും സംഗീതവും; ഇവയൊക്കെക്കൊണ്ട് ഏറെ ഹൃദ്യമായ ഒരു അരങ്ങായിരുന്നു നെടുമുടി മാത്തൂര്‍ ഭഗവതി ക്ഷേത്രത്തിലേത്. ഇവയുടെ മികവൊന്നുകൊണ്ടു മാത്രം അവസാനഭാഗങ്ങളിലെ കല്ലുകടികള്‍ നമുക്ക് മറക്കുകയും ചെയ്യാം.
--
13 അഭിപ്രായങ്ങൾ:
മാത്തൂര്‍ കളരിയുടെ ആഭിമുഖത്തില്‍ നെടുമുടിയില്‍ നടന്ന 'കര്‍ണ്ണശപഥം' കഥകളിയുടെ ഒരു ആസ്വാദനം.
'പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നു...' എന്നു പറയുന്ന ദുഃശാസനനോട്, 'വന്നില്ലെങ്കിലോ?' എന്നും, വന്നില്ലായെങ്കില്‍ ജ്യേഷ്ഠന് കോപിക്കുമെന്നു തുടര്‍ന്നു പറയുമ്പോള്‍, 'ജ്യേഷ്ഠന് കോപിക്കുമെന്നോ, എനിക്കൊരു ചുക്കുമില്ല!' എന്നും മറ്റുമുള്ള കര്‍ണ്ണന്റെ അനാവശ്യ ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു. 'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട് ദുര്യോധനന് 'ഒരിക്കലുമില്ല!' എന്നു തീര്‍ത്തു പറയുന്നു. 'ഉറപ്പാണോ?' എന്നെടുത്ത് ചോദിച്ചിട്ടും ദുര്യോധനനു കുലുക്കമില്ലെന്നു കണ്ട്, 'എന്നാലിനെ വെറുതേ ഒരു ശപഥം ഇതാ പിടിച്ചോ!' എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങള്‍.
മാത്തൂര്‍ കളിയുടെ അവസാനം കുളമായി / കുളമാക്കി എന്ന് നേരത്തെ അറിഞ്ഞിരുന്നു. വലിയ കലാകാരന്മാര്ക്ക് അതിനൊക്കെ സ്വാതന്ത്ര്യം ആസ്വാദകര്‍ അനുവദിച്ചു കൊടുത്തിരിക്കുന്നു. അത്രയേ പറയുവാനുള്ളു. അവസാനത്തെ കല്ലുകടികള്‍ ഒഴിച്ചാല്‍ കളി നന്നായി എന്ന് അറിഞ്ഞതില്‍ സന്തോഷം. മാര്‍ഗിയുടെ കര്ണ്ണശപത്തില് ഭാനുമതി കാണാന്‍ അവസരം ഉണ്ടായിട്ടില്ല. ഉണ്ണിത്താന്റെ കര്ണ്ണശപത്തില് ദുര്യോധനന് 1990 കാലഘട്ടത്തില്‍ കണ്ടു ആസ്വദിച്ചിട്ടുണ്ട്.
ഇവരുടെയെല്ലാം ഈ കളി ഞാൻ കഴിഞ്ഞമാസം ലണ്ടനിൽ വെച്ച് കണ്ടിരുന്നൂ....ഇപ്പോൾ കഥ ഒന്നുകൂടി വിശദമായി അറിഞ്ഞൂ..കേട്ടൊ
പിന്നെ
എന്റെ ഭായി താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM
നല്ല ആസ്വാദനക്കുറിപ്പ്.
താങ്ക്സ് ഹരി...
ഗോപി ആശാനും കഥാപാത്രത്തേക്കാള്‍ വലുതായി തുടങ്ങിയോ?
ഹരീ ദുര്യോധനന്റെ നഖങ്ങള്‍ എന്താ നൈല്പോളിഷ് തേച്ചതാണോ? സാധാരണ സ്റ്റീല്‍ കളര്‍ അല്ലേ പതിവ്?
അതോ എന്റെ മോണിറ്ററിന്റേയോ?
“ഗോപി ആശാനും കഥാപാത്രത്തേക്കാള്‍ വലുതായി തുടങ്ങിയോ?“ ഹ ഹ ഹ ഗിരീഷ്.
-സു-
Haree,
Good review. Appreciate all your sincere efforts in getting that across to people who are not fortunate enough to watch. Pls continue to watch and write as always..
Now, let me put my thoughts on your comments..
'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട്
Maali's KARNASAPATHAM (more precisely his KARNAN and DURYODANAN) are treated in a very different way from the real story. Please appreciate that and understand that these characters are in a higher level of friendship, more than what common men can ever think of. Hence such an aattom from KARNAN asking duryodanan whether he has doubts in his loyalty is ABSOLUTELY OUT OF PLACE.
Hence it goes without any further doubt that the reply that Duryodanan had here for KARNAN is the very apt one. Am very happy to see that Unnithans Duryodanan replied so !:-)
കര്‍ണ്ണന്റെ ശപഥത്തിനു പ്രസക്തി വരണമെങ്കില്‍ 'അവന് പറഞ്ഞതു കേട്ട് മനസൊന്ന് ചെറുതായിളകി...'
Is that required haree ? Not at all. They both shared a divine friendship and there is no question of even a slight stain of doubt in each others mind. When Duryodanan says 'KATHAYELLAM ARIVAAYI...' he without any restriction allows karnan to join his brothers and thats his greatness. Do you want to belittle this divine friendship by such meaningless questions and answers?
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :)
നെയില്‍ പോളിഷ് അല്ലല്ലോ, സാധാരണ കാണാറുള്ള സ്റ്റീല്‍ നഖങ്ങള്‍ തന്നെ.
സൌഹൃദത്തിന്റെ പേരില്‍ അങ്ങിനെയൊരു ന്യായീകരണം വരാമെന്ന് പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നല്ലോ? എന്നാല്‍, കര്ണ്ണന് അങ്ങിനെയൊരു ചോദ്യം ചോദിച്ചു കഴിഞ്ഞാല്‍ പിന്നെ ദുര്യോധനന് കഥ മുന്നോട്ടു കൊണ്ടുപോവുന്ന തരത്തിലുള്ള ആട്ടത്തിനാണ് ഔചിത്യം. കഥാപാത്രങ്ങളെ വേറിട്ടെടുത്ത് ഓരോരുത്തര് ചെയ്തത് ശരിയോ തെറ്റോ എന്നല്ല, ഓരോ കഥാസന്ദര്‍ഭത്തെയും അരങ്ങിലെ എല്ലാ കലാകാരന്മാരും ഒത്തൊരുമയോടെ എങ്ങിനെ വിജയിപ്പിക്കുന്നു എന്നതാണ് നോക്കേണ്ടത്. ഇത് ഒരു വശം.
മറ്റൊരു വശം; കഥാപാത്രങ്ങളുടെ ആട്ടങ്ങള്‍ പ്രത്യേകമെടുത്താല്‍ പോലും ഗോപിയാശാന്റെ ചോദ്യം അസ്ഥാനത്താണെന്ന് കരുതുവാനില്ല. ദുഃശാസനന് വന്നു പറഞ്ഞ കാര്യങ്ങള്‍ വെച്ച് നിന്നെ വിട്ടുപോവുമെന്നു കരുതിയാണോ എന്നാണ് ചോദ്യം; എന്നില്‍ വിശ്വാസമില്ലേ എന്നൊന്നുമല്ല ചോദിച്ചത്. അതായത്, അമ്മയും സഹോദരന്മാരും ഒരുവശത്ത്, മറുവശത്ത് ദുര്യോധനന്; ആരോടൊപ്പം നില്‍ക്കുമെന്ന് നിനക്കിനിയും സംശയമോ എന്നുദ്ദേശം. കര്ണ്ണന് തന്റെ ശരിയായ മാതാപിതാക്കളെ അറിയുവാനും അവരോടൊത്ത് കഴിയുവാനും എത്രത്തോളം ആഗ്രഹമുണ്ടെന്ന് മനസിലാക്കിയാവണമല്ലോ, ഉത്തമസുഹൃത്തായ ദുര്യോധനന് 'ഇനിയെന്നെ വെടിഞ്ഞീടാന് അനുമതി' നല്‍കുന്നത്. ആ മനസിലാക്കലാണ് കര്‍ണ്ണനെ വേദനിപ്പിക്കുന്നത്. അവരേക്കാളും അധികമാണ് കര്ണ്ണന് ദുര്യോധനനോടുള്ള സ്നേഹമെന്ന് ദുര്യോധനന് അറിയാതെപോയി. അവിടെയാണ് മാലിയുടെ കര്‍ണ്ണനും ദുര്യോധനനും വ്യത്യസ്തത പുലര്‍ത്തുന്നത്. അത്തരമൊരു ആട്ടത്തില്‍ തന്നെയാണ് അവരുടെ സൌഹൃദം കൂടുതല്‍ പ്രശോഭിതമാവുന്നതും. അതിനാല്‍ തന്നെ കര്‍ണ്ണന്റെ ഈയൊരു ചോദ്യം സാധുവാണ്.
--
കഥകളിയെ പറ്റി സംസാരിക്കുമ്പോള്‍ തന്നെ നാം കഥാകൃത്തിന്റെയോ, കഥയുടെയോ അവതരണം ആണോ പ്രതീക്ഷിക്കുന്നത് അല്ലെങ്കില്‍ ആംഗ്യ ഭാഗിയുടെ ആസ്വാദനാമാണോ പ്രതീക്ഷിക്കുന്നത് എന്ന് ഒരു ചോദ്യം പല ആസ്വാദകരിലും പ്രസക്തമാണ്. ഇതു രണ്ടും കഥകളിക്കു ആവശ്യമാണ്. അതു കൊണ്ടു തന്നെ കഥാപാത്രത്തെ അറിഞ്ഞു കൊണ്ടുള്ള അവതരണമാണ് പ്രധാനം.
കര്‍ണ്ണശപഥം കഥകളിയുടെ മുഴുവന്‍ ഭാഗവും അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിലും , (കര്‍ണ്ണശപഥത്തിന്റെ) അരങ്ങേറ്റത്തിന് വേഷം കെട്ടിയ മാങ്കുളം, പള്ളിപുറം, കുടമാളൂര്‍ തുടങ്ങിയവരുടെ കര്‍ണ്ണശപഥത്തിലെ വേഷങ്ങളും അനവധി കണ്ടിട്ടുള്ളവനാണ് ഞാന്‍.
കര്ണ്ണന് കുന്തി സംഗമം അറിയുന്ന ദുശാസനന് ദുര്യോധനനോട് എന്താണ് പറയുന്നത്?
" സ്പഷ്ടമാണീ വൈരി വംശജന് വന്‍ ചതിയനത്രേ.
ദുഗ്ദമേകി വളര്‍ത്തിയൊരു ഭവാനെ കര്‍ണ്ണ ഭുജംഗമം
കൊത്തിടുവതിനു മുന്പില് അവനെ ഹനിച്ചിടെണം. എന്നാണ്.
തുടര്‍ന്നു കര്‍ണ്ണനെ ഈ രാത്രിയില്‍ വധിക്കാന്‍ ( താന്‍ തയ്യാറാണെന്നും അങ്ങ് അതിനു അനുവാദം തരേണം എന്നുമാണ് (പദത്തില്‍ ) ദുശാസനന് ദുര്യോധനനോട് പറയുന്നത്. അതിനു ദുര്യോധനന് : നിന്റെ കഠിന വചനങ്ങള്‍ മതിയാകൂ. നിന്റെ ചിന്തകള്‍ വളരെ നിഷ്ടൂരമാണ് . കര്‍ണ്ണന്റെ മഹത്വം നിനക്ക് അറിയില്ല. നീ കര്‍ണ്ണനെ തെറ്റി ധരിചിരിക്കുകയാണ് . കര്‍ണ്ണനെ കൂട്ടി വരൂ . കര്‍ണ്ണന്റെ മഹത്വം നിനക്ക് ഞാന്‍ മനസ്സിലാക്കി തരാം. എന്നാണ് പറഞ്ഞു അയക്കുന്നത്.
ദുശാസനന് കര്‍ണ്ണനെ കൂട്ടിവരുമ്പോള്‍ കര്ണ്ണന് ഒരു അപരാധി എന്ന തോന്നലാണ് ദുശാസനനില് ഉള്ളത്. അതിനു വിപരീതമായ അവസ്ഥയാണ് രംഗത്തില്‍ ഉണ്ടാകുന്നത്. ദുര്യോധനന് കര്‍ണ്ണനെ സംശയം ഇല്ല. കര്‍ണന്റെ മഹത്വം ദുശാസനനു കാട്ടിക്കൊടുക്കുക എന്ന സസുദ്ദേശം മാത്രമേ ഉള്ളൂ ദുര്യോധനന് എന്ന് ആസ്വാദകര്‍ എങ്കിലും മനസിലാക്കണം. അതിനു വേണ്ടിയുള്ളതാണ് " കഥയെല്ലാം അറിവായി " " അനുജാതരോട് രണം നിനവില്‍ പാപം എങ്കില്‍ ഇനി എന്നെ വെടിഞ്ഞിടാന്‍ അനുമതി തരുന്നിതാ " എന്നുള്ള പദം.
നടന്മാര് പ്രശസ്തരാകുമ്പോള്‍ അവരുടെ സൌകര്യത്തിനും ഇഷ്ടത്തിനും പല കളികളും കളിക്കും. അവരുടെ ഫാന്‍സ് അതെല്ലാം ന്യായീകരിക്കുകയും ചെയ്യും.
പക്ഷെ അവര്‍ക്കു എത്ര പണം നല്കി നടത്തുന്ന കളിയിലാണ് അനാവശ്യങ്ങള്‍ കാട്ടി കൂട്ടുന്നത് എന്ന് അവര്‍ മനസ്സിലാക്കില്ല. കാരണം അവര്‍ കഥകളിയിലെ രാജാക്കന്മാര് ആണ്.
പ്രിയമുള്ളവരേ ! ഇനിയും ഉണ്ട് കളിയില്‍. ദുശാസനന്റെ തെറ്റിധാരണയാണ് എന്ന് മനസ്സിലാക്കുന്ന കര്ണ്ണന് ഒന്നിച്ചു നല്ല ഒരു കലാശം എടുത്തത് കൊണ്ടു കളി നന്നായി എന്ന് കരുതുന്നത് ശരിയല്ല. അതിനു മുന്‍പ് ചിലത് കൂടി ചെയ്യണം. നാം മൂവരും സ്നേഹമെന്ന കയറാല്‍ ബന്ധിക്കപെട്ടിരിക്കുന്നു . എന്തു ഒരു ശക്തിക്കും (മരണത്തിന് പോലും) നമ്മെ വെട്ടി മാറ്റുവാന്‍ സാദ്ധ്യമല്ല എന്ന് ഒരു കര്ണ്ണന് കാട്ടി തീന്ന ശേഷം കലാശം എടുത്തു കഥ അവസാനിപ്പിക്കുമ്പോള്‍ മാത്രമാണ് മാലിയുടെ കഥ പൂര്‍ത്തിയാവുക. (മാലിയുടെ മുന്പില് പല നടന്മാരും അവതരിപ്പിച്ചിട്ടുള്ളത് സ്മരിച്ചു കൊണ്ടു തന്നെയാണ് എഴുതുന്നത്.)
എന്നാല്‍ അരങ്ങത്ത് നില്ക്കുന്ന പല നടന്മാരെയും ദുര്യോധനന് ആയോ, ദുശാസനന് ആയോ, കുന്തിയായോ ഉള്‍ക്കൊള്ളാന്‍ ചില കര്‍ണ്ണ നടന്മാര്ക്ക് സാധിക്കുന്നില്ല. അക്കാരണം കൊണ്ടു എല്ലാം അറിയുന്ന ആ രാജാക്കന്മാര് (കര്‍ണ്ണ നടന്മാര്) ചിലതൊക്കെ മനപ്പൂര്‍വം കാട്ടി കൂട്ടുന്നു. പ്രതികരിക്കാന്‍ ത്രാണിയില്ലാതെ പ്രശംസിക്കാന്‍ ചില ആസ്വാദകരും .
Hi Haree
Thanks for the excellent review and beautiful snaps. Also appreciate all your help in organising this event :)
വിശദമായ വിവരണത്തിനു നന്ദി. :-)
ഒപ്പം കളി കാണാന്‍ അവസരമൊരുക്കിയതിനും :-)
വിശദമായ അഭിപ്രായത്തിനു നന്ദി. :)
'കര്‍ണ്ണശപഥ'ത്തിലെ അവസാന പദങ്ങള്‍ ഒഴിവാക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ച് മുന്‍പ് ഇവിടെ സൂചിപ്പിച്ചിരുന്നു. ആവര്‍ത്തിച്ചില്ല എന്നു മാത്രം. ദുര്യോധനന് സംശയമില്ല, ദുഃശാസനന്റെ സംശയം അകറ്റുവാനാണ് ദുര്യോധനന് 'അനുജാതരോട് രണം നിനവില്‍...' എന്നു പറയുന്നത് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. അങ്ങിനെ നോക്കിയാല്‍; ഇവിടെ 'ഉറപ്പാണോ?' എന്ന് കര്ണ്ണന് ചോദിക്കുമ്പോള്‍, 'എനിക്ക് ഒരു സംശയവുമില്ല, പക്ഷെ ഇവന്റെ തെറ്റിദ്ധാരണ മാറ്റണമെന്നുണ്ടായിരുന്നു. അതിനാലങ്ങിനെ പറഞ്ഞു' എന്നോ മറ്റോ ദുര്യോധനന് ആടാമായിരുന്നു. അങ്ങിനെ പറയുമ്പോള്‍, 'ലോകത്ത് ഒരാള്‍ക്കും നമ്മളുടെ സ്നേഹബന്ധത്തില്‍ സംശയം തോന്നരുത്, അതിനുവേണ്ടി ഇതാ ഞാന്‍ ശപഥം ചെയ്യുന്നു...' എന്നു കര്ണ്ണന് തുടരുകയും ചെയ്യാം. (പോസ്റ്റില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.)
--
"സമസ്ത മഹിമയും എനിക്കവന് നിമിത്തമായതു മറപ്പനോ? ചതിപ്പനോ ഞാന്‍ ........." എന്നുള്ള പദം ആടി ഫലിപ്പിച്ച കഥാപാത്രം പിന്നീടു
"പെട്ടെന്നു വരുവാന്‍ ജ്യേഷ്ഠന് നിര്‍ദ്ദേശിച്ചിരിക്കുന്നു...' എന്നു പറയുന്ന ദുഃശാസനനോട്, 'വന്നില്ലെങ്കിലോ?' എന്നും, വന്നില്ലായെങ്കില്‍ ജ്യേഷ്ഠന് കോപിക്കുമെന്നു തുടര്‍ന്നു പറയുമ്പോള്‍, 'ജ്യേഷ്ഠന് കോപിക്കുമെന്നോ, എനിക്കൊരു ചുക്കുമില്ല!' എന്നും മറ്റുമുള്ള കര്‍ണ്ണന്റെ അനാവശ്യ ആട്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു. 'ദുഃശാസനന് വന്നു പറഞ്ഞതുകേട്ട് നിന്നെ വിട്ടുപോകുമെന്നു കരുതിയോ?' എന്നു ചോദിക്കുന്ന കര്‍ണ്ണനോട് ദുര്യോധനന് 'ഒരിക്കലുമില്ല!' എന്നു തീര്‍ത്തു പറയുന്നു. 'ഉറപ്പാണോ?' എന്നെടുത്ത് ചോദിച്ചിട്ടും ദുര്യോധനനു കുലുക്കമില്ലെന്നു കണ്ട്, 'എന്നാലിനെ വെറുതേ ഒരു ശപഥം ഇതാ പിടിച്ചോ!' എന്ന മട്ടിലായി പിന്നീടുള്ള കാര്യങ്ങള്‍."
ഇങ്ങിനെ സംഭവിച്ചത് എന്തെകിലും സ്പര്‍ദ്ധ മൂലം എന്ന് മാത്രമേ കരുതാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--