2011, മേയ് 19, വ്യാഴാഴ്‌ച

കാറല്‍മണ്ണയിലെ നരകാസുരവധം

NarakasuraVadham Kathakali: Kalamandalam Soman as Narakasuran, Sadanam Bhasi as Lalitha, Kalamandalam Pradeep as Nakrathundi. An appreciation by Haree for Kaliyarangu.
മെയ് 07, 2011: വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നാട്യ ത്രിതയി'യുടെ ഭാഗമായി കാറല്‍മണ്ണയില്‍ അരങ്ങേറിയ 'നളചരിതം ഒന്നാം ദിവസം' കഥകളിയുടെ ആസ്വാദനം ഇവിടെ വായിച്ചുവല്ലോ? ധര്‍മ്മ രാജ എന്ന പേരില്‍ പ്രസിദ്ധനായ കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മയുടെ 'നരകാസുരവധം' കഥയാണ്‌ അന്നേ ദിവസം രണ്ടാമതായി അവതരിക്കപ്പെട്ടത്. ഇന്ന് വളരെ വിരളമായി മാത്രം കണ്ടുവരുന്ന നിണമണിഞ്ഞുള്ള നക്രതുണ്ഡിയുടെ വരവിന്റെ അവതരണവും ഇവിടെ ഉള്‍പ്പെടുത്തിയിരുന്നു. കലാമണ്ഡലം പ്രദീപിന്റെ നക്രതുണ്ഡി, സദനം ഭാസിയുടെ ലളിത, കലാമണ്ഡലം സോമന്റെ നരകാസുരന്‍ എന്നിവര്‍ക്കു പുറമേ കലാമണ്ഡലം അരുണ്‍ വാര്യര്‍ (ജയന്തന്‍), കലാമണ്ഡലം പ്രവീണ്‍ (ദേവസ്‍ത്രീ), കലാമണ്ഡലം ഷിബി ചക്രവര്‍ത്തി (ദേവസ്‍ത്രീ / നരകാസുരപത്നി) തുടങ്ങിയവരും അരങ്ങിലെത്തി. കലാമണ്ഡലം ജയപ്രകാശ്, നെടുമ്പള്ളി രാം‍മോഹന്‍, ശ്രീരാഗ് വര്‍മ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവരായിരുന്നു അന്നേ ദിവസത്തെ ഗായകര്‍. ചെണ്ടയില്‍ കലാമണ്ഡലം കൃഷ്ണദാസും മദ്ദളത്തില്‍ കലാമണ്ഡലം രാജ് നാരായണനുമായിരുന്നു ഈ കഥയില്‍ മേളം നയിച്ചത്. മഞ്ജുതരയുടെ കോപ്പുകള്‍ ഉപയോഗിച്ച് അപ്പുണ്ണി തരകനും സംഘവും അണിയറയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ കലാമണ്ഡലം പത്മനാഭന്‍ ചുട്ടിയൊരുക്കി.

നരകാസുരന്റെ സഹോദരിയായ നക്രതുണ്ഡിയുടെ കരിവട്ടത്തോടെയാണ്‌ 'നരകാസുരവധം' കഥ ആരംഭിക്കുന്നത്. കലാമണ്ഡലം പ്രദീപാണ്‌ ഇവിടെ നക്രതുണ്ഡിയെ അവതരിപ്പിച്ചത്. സാധാരണയായി കരിവട്ടത്തില്‍ പതിവുള്ള ഒരുക്കം, നൃത്തങ്ങള്‍, പന്തുകളി തുടങ്ങിയവയൊക്കെ പ്രദീപ് ഭംഗിയായ ചുവടുകളോടെ ആടുകയുണ്ടായി. എന്നാല്‍ ഭാവമൊന്നും തന്നെ സ്ഥായിയായി പ്രദീപിന്റെ നക്രതുണ്ഡിയില്‍ കാണുവാനായില്ല. നരകാസുരന്റെ കല്‍പനപ്രകാരം സുര‍സ്‍ത്രീകളെ പിടിച്ചുകൊണ്ടുവരുവാന്‍ നക്രതുണ്ഡി സ്വര്‍ഗത്തിലെത്തുന്നതാണ്‌ അടുത്ത ഭാഗം. ദേവകന്യകകളെ ബലമായി പിടിച്ചു കൊണ്ടുപോകുവാന്‍ ശ്രമിക്കവേ ഇന്ദ്രന്റെ പുത്രനായ ജയന്തനെ കണ്ട് രാക്ഷസി കാമപരവശയാവുന്നു. അതോടെ പിടിയിലായ സുരകന്യകകളെ മറച്ച് അവള്‍ ഒരു സുന്ദരിയായി ജയന്തനോട് പ്രണയാഭ്യര്‍ത്ഥന നടത്തുവാന്‍ തീരുമാനിക്കുന്നു. സുര‍സ്‍ത്രീകളെ ഇപ്പോള്‍ മറയ്‍ക്കുക മാത്രമാണ്‌ ചെയ്യുന്നത്, മോചിപ്പിക്കുന്നില്ല. (പിന്നീട് ജയന്തന്റെ യുദ്ധപദം ആരംഭിക്കുന്നതു തന്നെ 'രാത്രിഞ്ചരവനിതേ! നീ മോചയ വൃത്രവൈരിപുര കാമിനിമാരെ!' എന്നാണെന്ന് ഓര്‍ക്കുക.) എന്നാലിവിടെ ദേവസ്‍ത്രീകള്‍ ഉപായത്തില്‍ രക്ഷപെടുന്നതായാണ്‌ ആടിയത്.

സദനം ഭാസിയാണ്‌ സുന്ദരിയായി ചമഞ്ഞ നക്രതുണ്ഡിയെ (ലളിത) അവതരിപ്പിച്ചത്. കലാമണ്ഡലം അരുണ്‍ വാര്യര്‍ ജയന്തനായും അരങ്ങിലെത്തി. രാഗാലാപത്തോടെ പതിഞ്ഞ കാലത്തില്‍ ഇരുന്നുയര്‍ന്ന് ചിട്ടയോടെയുള്ള സാരി അവതരണത്തോടെയാണ്‌ ഭാസി തുടങ്ങിയത്. രാക്ഷസീയ ഭാവങ്ങള്‍ കഷ്ടപ്പെട്ട് ഒളിപ്പിച്ച്, തന്റെ കാമനയുടെ പൂര്‍ത്തീകരണത്തിനായി ശ്രമിക്കുന്ന നക്രതുണ്ഡിയെ ഭാസി മികവോടെ തന്നെ തുടര്‍ന്നവതരിപ്പിച്ചു. "ഏണാങ്ക സമവദനാ..." എന്നു ജയന്തനെ അഭിസംബോധന ചെയ്യുന്നതിനൊപ്പം, ചന്ദ്രനെയും ഒന്നു നോക്കി (സ്വര്‍ഗത്തില്‍ / ആകാശത്തില്‍ നിന്നുമാണല്ലോ ആ സമയം ലളിത ചന്ദ്രനെ കാണുന്നത്, അതിനാല്‍ മുകളിലേക്കല്ല നോട്ടം പോയത്, നേരേ തന്നെയായിരുന്നു എന്നതും ശ്രദ്ധേയം.), ജയന്തന്റെ മുഖം അതുപടി തന്നെ എന്നുറപ്പിക്കുകയും ചെയ്തു സദനം ഭാസിയുടെ ലളിത. വിവാഹം കഴിക്കുവാനുള്ള തന്റെ ഇച്ഛ ലളിത പ്രകടമാക്കുന്നു, എന്നാല്‍ അച്ഛന്റെ അനുവാദം കൂടാതെ താന്‍ വിവാഹിതനാവില്ല എന്നു ജയന്തന്‍ തീര്‍ത്തു പറയുന്നു. ഒടുവില്‍ ബലമായി പ്രാപിക്കുവാന്‍ ശ്രമിക്കുന്നതോടെ ജയന്തന്‍ കുപിതനാവുന്നു, നക്രതുണ്ഡിയാവട്ടെ സ്വരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് അക്രമിക്കുവാനായി അടുക്കുന്ന നക്രതുണ്ഡിയുടെ മൂക്കും മുലകളുമറത്ത് വിരൂപയാക്കി ജയന്തന്‍ ഓടിച്ചു വിടുന്നു. യുക്തമായ പ്രതികരണങ്ങളോടെ, ആവശ്യത്തിനു മാത്രമുള്ള ഇടപെടലുകളോടെ കലാമണ്ഡലം അരുണ്‍ വാര്യരുടെ ജയന്തനും ഈ ഭാഗങ്ങളില്‍ മികവു പുലര്‍ത്തി.

NarakasuraVadham

Kunchu Nair Memorial Hall, Karalmanna
Written by
  • Karthika Thirunal Rama Varma
Actors
  • Kalamandalam Pradeep as Nakrathundi
  • Sadanam Bhasi as Lalitha
  • Kalamandalam Arun Warrier as Jayanthan / Indran
  • Kalamandalam Soman as Narakasuran
  • Kalamandalam Praveen as Narkasura Pathni
Singers
  • Kalamandalam Jayaprakash
  • Nedumpally Rammohan
  • Sreerag Varma
  • Sadanam Jyothish Babu
Accompaniments
  • Kalamandalam Krishnadas, Kalamandalam Nandakumar, Sadanam Jithin in Chenda
  • Kalamandalam Raj Narayanan, Kalamandalam Venu, Sadanam Prasad in Maddalam
Chutty
  • Kalamandalam Padmanabhan
Kaliyogam
  • Manjuthara, Mangode
Organized by
  • Vazhengada Kunchu Nair Memorial Trust, Karalmanna
May 07, 2011
നരകാസുരന്‍ തന്റെ പത്നിയോടൊപ്പം കൊട്ടാരത്തില്‍ വസിക്കുന്ന സമയം ഒരു ശബ്ദം കേള്‍ക്കുന്നു. ആദ്യമത് അത്ര ശ്രദ്ധിക്കുന്നില്ലെങ്കിലും പിന്നീട് ഇതത്ര നിസ്സാരമല്ല എന്നു മനസിലാക്കി പത്നിയെ അയച്ചതിനു ശേഷം എന്താണെന്ന് തിരക്കുവാനുറയ്ക്കുന്നു. പര്‍വതങ്ങള്‍ കൂട്ടിമുട്ടുന്നതാണോ, കടലില്‍ വെള്ളം അധികരിച്ച് തിരമാലകള്‍ കരയിലേക്ക് കയറുന്നതാണോ എന്നൊക്കെ നരകന്‍ സംശയിക്കുന്നു. ഓരോരോ കാരണങ്ങള്‍ കൊണ്ട് അതൊന്നുമല്ല എന്നുറപ്പിച്ചതിനു ശേഷം എന്താണെന്ന് പിന്നെയും ശ്രദ്ധിച്ച്, തന്റെ അനുജത്തിയുടെ രോദനമാണെന്ന് ഒടുവില്‍ തിരിച്ചറിയുന്നു. നിണത്തിന്റെ രംഗപ്രവേശമാണ്‌ തുടര്‍ന്ന്. സദനം ഭാസിയാണ്‌ നിണമറിയിച്ച് ആദ്യമെത്തിയത്. പിന്നാലെയെത്തിയ കലാമണ്ഡലം പ്രദീപിന്റെ നിണവേഷവും ഒരുക്കവും മറ്റുമൊക്കെ മികവു പുലര്‍ത്തിയെങ്കിലും അവിടെയും ഭാവപൂര്‍ണത കൊണ്ടുവരുവാന്‍ അദ്ദേഹത്തിനായില്ല. താങ്ങിപ്പിടിച്ചിരുന്ന പീശപ്പള്ളി രാജീവന്‍ പ്രദീപിലും ഉഗ്രമായി നിലവിളിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. താങ്ങുവാന്‍ ഉണ്ടായിരുന്ന രണ്ടാമത്തേയാള്‍ തീരെ നിശബ്ദനുമായിരുന്നു. 'നിന്നെ ഇപ്രകാരമാക്കിയതാര്?' എന്ന ചോദ്യത്തിന്‌ 'ഇന്ദ്രപുത്രനായ ജയന്തന്‍!' എന്നു മറുപടിയും പറഞ്ഞ് നിണം മടങ്ങുന്നു. (നിണത്തെക്കുറിച്ച് കൂടുതലറിയുവാന്‍: നിണം! കളിയരങ്ങിലെ ഭീകരവിസ്മയം! - വികടശിരോമണി)

ഇന്ദ്രന്റെ പുത്രനായ ജയന്തന്റെ പ്രവര്‍ത്തിയില്‍ ക്രുദ്ധനാവുന്ന നരകാസുരന്‍ ഇന്ദ്രനെ എതിരിടുവാനായി പുറപ്പെടുന്നു. അവിടെയെത്തി ഇന്ദ്രനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി, ഐരാവതവുമായി മല്ലിട്ട് ഒടുവില്‍ കൊമ്പില്‍ തൂക്കി ദൂരേക്കെറിഞ്ഞ്, ഇന്ദ്രന്റെ മാതാവായ അദിതിയുടെ കുണ്ഡലങ്ങള്‍ അറുത്തെടുത്ത്, ഇന്ദ്രന്റെ വെ‍ണ്‍കൊറ്റക്കുടയും അപഹരിച്ച് സുരലോക വിജയിയായി നരകന്‍ മടങ്ങുന്നു. തുടര്‍ന്നുള്ള നരകാസുരന്റെ വധമുള്‍പ്പെടുന്ന ഭാഗങ്ങള്‍ സാധാരണയായി അവതരിപ്പിക്കാറില്ല. ഇവിടെയും അതുണ്ടായില്ല. നരകാസുരന്റെ ആദ്യ രംഗത്തിലെ പതിഞ്ഞ പദവും, അതിലുള്ള കേകിയാട്ടവും, നിണത്തിന്റെ പ്രവേശത്തിനു മുന്നോടിയായുള്ള ശബ്ദവര്‍ണനയും, പോരിനു മുന്‍പുള്ള പടപ്പുറപ്പാടുമെല്ലാം കലാമണ്ഡലം സോമന്‍ മികവോടെ അവതരിപ്പിച്ചു. അവസാന സമയം വരെയും തുടക്കത്തില്‍ കാണിക്കുന്ന അതേ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു എന്നതും എടുത്തുപറയേണ്ടതായുണ്ട്.

ഉപകഥകള്‍
നരകാസുരന്റെ മരണം
  • ഹിരണ്യാക്ഷന്‍ എന്ന അസുരന്റെ ശല്യങ്ങള്‍ സഹിക്കുവാനാവാതെ വരുണന്‍ മഹാവിഷ്ണുവിന്റെയടുത്ത് സഹായമഭ്യര്‍ത്ഥിക്കുന്നു. മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിക്കുവാനായി ഒരുമ്പിടുന്നു. ഇതു കണ്ട് ഭയന്ന് വരാഹരൂപിയായി തേറ്റകളില്‍ ഭൂമിദേവിയേയും വഹിച്ചു കൊണ്ട് ഹിരണ്യാക്ഷന്‍ പാതാളത്തിലൊളിക്കുന്നു. തേറ്റകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതില്‍ ഭൂമിദേവി ഗര്‍ഭിണിയാവുകയും പിന്നീട് നരകന്‌ ജന്മം നല്‍കുകയും ചെയ്യുന്നു. (മഹാവിഷ്ണു വരാഹാവതരാമെടുത്ത് ഭൂമിയെ സമുദ്രത്തില്‍ നിന്നും ഉയര്‍ത്തിയ സമയം, ആ വരാഹത്തിന്റെ തേറ്റ കൊണ്ടാണ്‌ ഭൂമിദേവിയില്‍ നരകന്‍ ജനിക്കുന്നത് എന്ന് മറ്റൊരു കഥയുമുണ്ട്.) ഇപ്രകാരം ജനിച്ച പുത്രനുമായി ഭൂമിദേവി മഹാവിഷ്ണുവിനെ ചെന്നു കാണുന്നു. നരകന്‌ വിഷ്ണു നാരായണാസ്‍ത്രം നല്‍കുകയും 'ഈ ആയുധം കൈവശമുള്ളപ്പോള്‍ നിന്നെ വധിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല!' എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍ നരകന്‍ കാണിച്ച അക്രമങ്ങള്‍ ഇന്ദ്രനില്‍ നിന്നറിഞ്ഞ് ശ്രീകൃഷ്ണന്‍ സത്യഭാമയോടൊപ്പം നരകനെ എതിരിടുന്നു. ഇടയ്ക്ക് ശ്രീകൃഷ്ണന്‍ മോഹാലസ്യപ്പെടുന്ന അവസരത്തില്‍ നരകനെ എതിര്‍ക്കുവാനായി സത്യഭാമ ആയുധമെടുക്കുന്നു. സ്‍ത്രീയായ സത്യഭാമയോട് യുദ്ധം ചെയ്യുവാന്‍ മടിച്ച് നരകാസുരന്‍ തന്റെ ആയുധങ്ങള്‍, നാരായണാസ്‍ത്രമുള്‍പ്പടെ ഉപേക്ഷിക്കുന്നു. ഈ തക്കത്തിന്‌ ശ്രീകൃഷ്ണന്‍ സുദര്‍ശനചക്രത്തെ വരുത്തി നരകനെ വധിക്കുകയും ചെയ്യുന്നു. ഒരു സ്‍ത്രീയുടെ കൈകളാല്‍ മാത്രമേ വധിക്കപ്പെടുകയുള്ളൂ, അമ്മയുടെ കൈകളാല്‍ മാത്രമേ വധിക്കപ്പെടുകയുള്ളൂ എന്നിങ്ങനെയുള്ള വരങ്ങളും നരകാസുരന്‌ ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭൂമിദേവിയുടെ അംശമായ സത്യഭാമയാണ്‌ നരകാസുരനെ വധിക്കുന്നതെന്ന് മറ്റൊരു മതവുമുണ്ട്.
തുടക്കത്തില്‍ ശ്രീരാഗ് വര്‍മ്മയുടേയും തുടര്‍ന്ന് സദനം ജ്യോതിഷ് ബാബുവിന്റെയും പിന്തുണയോടെ, നക്രതുണ്ഡിയുടേയും ജയന്തന്‍-ലളിത സമാഗമ രംഗത്തിലേയും പദങ്ങള്‍ നെടുമ്പള്ളി രാംമോഹന്‍ ഭംഗിയായി ആലപിച്ചു. നരകാസുരന്റെയും പത്നിയുടേയും പതിഞ്ഞ പദം മുതല്‍ കലാമണ്ഡലം ജയപ്രകാശും ജ്യോതിഷ് ബാബുവുമായിരുന്നു ഗായകര്‍. നക്രതുണ്ഡിയുടെ കരിവട്ടം, നരകാസുരന്റെ ശബ്ദവര്‍ണന / വരവാട്ടം / പടപ്പുറപ്പാട് എന്നിവയൊക്കെ വിജയിക്കുവാന്‍ മേളക്കാരുടെ പിന്തുണ അത്യന്താപേക്ഷിതമാണ്‌. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയിലും കലാമണ്ഡലം രാജ് നാരായണന്‍ മദ്ദളത്തിലും നയിച്ച മേളം ഈ ഭാഗങ്ങളില്‍ മികച്ചു നിന്നു. കലാമണ്ഡലം നന്ദകുമാര്‍, സദനം ജിതിന്‍ എന്നിവര്‍ ചെണ്ടയിലും കലാമണ്ഡലം വേണു, സദനം പ്രസാദ് എന്നിവര്‍ മദ്ദളത്തിലും ഇവരെ നന്നായി പിന്തുണയ്ക്കുകയും ചെയ്തു. കലാമണ്ഡലം പത്മനാഭന്റെ ചുട്ടി മികവു പുലര്‍ത്തിയപ്പോള്‍, അപ്പുണ്ണി തരകന്റെയും കൂട്ടരുടേയും ജയന്തന്റെയൊഴികെ മറ്റ് കഥാപാത്രങ്ങളുടെ ഉടുത്തുകെട്ടും നന്നായിരുന്നു.

കഥകളിക്കു വേണ്ടി തന്നെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അരങ്ങായിരുന്നു കാറല്‍മണ്ണയിലേത്. അരങ്ങിന്റെ പിന്നിലും വശങ്ങളിലും ഇരുണ്ട നിറത്തിലുള്ള പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. വെളിച്ചക്രമീകരണത്തിലും ശബ്ദക്രമീകരണത്തിലും അല്‍പം കൂടി ശ്രദ്ധ നല്‍കാമായിരുന്നു എന്നു മാത്രം. പ്രത്യേകിച്ചും ഈ കഥയുടെ ആദ്യഭാഗങ്ങളില്‍ സ്പോട്ട് ലൈറ്റ് മാത്രമായി ഉപയോഗിച്ചത് എന്തിനെന്നറിയില്ല. അതു കാരണം വേഷക്കാരുടെ മുഖം പലപ്പോഴും ഇരുട്ടിലായിരുന്നു ഉണ്ടായിരുന്നത്. മേല്‍ക്കട്ടി അരങ്ങിന്റെ മുകളില്‍ നിന്നും ആവശ്യമുള്ളപ്പോള്‍ കെട്ടിയിറക്കുകയാണ്‌. മേല്‍ക്കട്ടിയുടെ പിന്‍ഭാഗത്ത് നീളത്തിലുള്ള ശീലയാണ്‌ വേണ്ടതെങ്കിലും ഇവിടുത്തേതില്‍ എല്ലാ വശവും ഒരേ നീളത്തിലുള്ള കുറുകിയ തൊങ്ങല്‍ മാത്രമേ ഉണ്ടായുള്ളൂ. അത് മേല്‍ക്കട്ടിയുടെ ഭംഗി കുറയ്ക്കുന്നു. ചുരുക്കത്തില്‍; കലാമണ്ഡലം സോമന്റെ നരകാസുരന്‍, സദനം ഭാസിയുടെ ലളിത, കലാമണ്ഡലം അരുണ്‍ വാര്യരുടെ ജയന്തന്‍ എന്നിവരുടെ മികവിനോടൊപ്പം, നിണത്തിന്റെ കൗതുകവും മേളക്കാരുടെയും ഗായകരുടേയും മികവും, വേഷങ്ങളുടേയും അരങ്ങിന്റെയും ഭംഗിയും ഒക്കെ ചേര്‍ന്ന് ഏറെ ആസ്വാദ്യകരമായ ഒരു കളിയായിരുന്നു കാറല്‍മണ്ണയില്‍ അരങ്ങേറിയ 'നരകാസുരവധം'.

'നരകാസുരവധം' എന്നതിനു പകരം 'നരകാസുരം' എന്നായിരുന്നു പരിപാടിയുടെ ഒരു നോട്ടീസില്‍ പ്രതിപാദിച്ചിരുന്നത്. നരകാസുരനെ വധിക്കുന്ന രംഗങ്ങള്‍ അവതരിപ്പിക്കാത്തതിനാല്‍ സംഘാടകര്‍ കഥയുടെ പേരുമാറ്റിയതാണോ എന്നായി ആസ്വാദകരുടെ സംശയം. ഇന്ദ്രനെ ജയിച്ച് സ്വര്‍ഗത്തില്‍ നിന്നും വിശിഷ്ടവസ്തുക്കള്‍ അപഹരിച്ച് നരകാസുരന്‍ വിടവാങ്ങുന്നതു വരെയാണല്ലോ ഇന്ന് ഈ കഥ അവതരിപ്പിക്കുന്നത്; അതിനാല്‍ അങ്ങിനെയൊരു പേരുമാറ്റം ആവശ്യമെങ്കില്‍ 'നരകാസുരവിജയം' എന്നതിനാവുമായിരുന്നു കൂടുതല്‍ ചേര്‍ച്ച എന്നും അഭിപ്രായമുണ്ടായി. എന്നാലിത് അച്ചടിയില്‍ സംഭവിച്ച ഒരു പിശക് മാത്രമായിരുന്നു എന്ന വിശദീകരണം സംഘാടകര്‍ പിന്നീടു നല്‍കി. മുന്‍പ് നിണമുള്‍പ്പടെയുള്ള ഒരു 'നരകാസുരവധ'ത്തിന്റെ നോട്ടീസില്‍ കണ്ടത് 'നരകാസുരവധം (നാണത്തോടു കൂടി)' എന്നായിരുന്നു; ഈയൊരു തമാശയാണ്‌ ഒടുവില്‍ 'നരകാസുര'ത്തിന്റെ സത്യാവസ്ഥ മനസിലാക്കിയപ്പോള്‍ ഓര്‍മ്മയിലെത്തിയത്.

6 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

'നാട്യ ത്രിതയി'യുടെ ഭാഗമായി കാറല്‍മണ്ണയില്‍ അവതരിക്കപ്പെട്ട നിണത്തോടു കൂടിയ 'നരകാസുരവധം' കഥകളിയുടെ ഒരു ആസ്വാദനം.

Unknown പറഞ്ഞു...

നരകാസുരവധം കളിയുടെ ആസ്വാദനകുറിപ്പ് നന്നായിരിക്കുന്നു. ആശംസകള്‍ !!
നിണത്തിന്റെ അവതരണം തീര്‍ച്ചയായും പ്രതീക്ഷിച്ചത്ര മികവുപുലര്‍ത്തിയില്ല എന്നതു ശരിയായിതോന്നി. ഞാന്‍ ആദ്യമായാണ് നിണം കാണുന്നത്...ഒരുപക്ഷെ എന്‍റെ പ്രതീക്ഷ ആവശ്യത്തിലേറെ ആയതിനാലാവും ഈ നിരാശ എന്നാണ് ഞാന്‍ കരുതിയത്‌ .
നരകാസുരന്‍ അവതരിപ്പിച്ച കല.സോമന്‍ തികച്ചും energetic ആയിരുന്നു. കല. പ്രദീപിന്റെ നക്ട്രടുണ്ടി യുടെ ഓവര്‍ ആക്ടിംഗ് ഒഴിച്ചാല്‍ നരകാസുരവധം എനിക്കും വളരെയധികം ഇഷ്ടമായി

---Manoj Nair.
--

Gireesh പറഞ്ഞു...

സോമന്റെ വേഷം ഒരു 12 വര്‍ഷം മുമ്പാണ് കണ്ടിട്ടുള്ളത്, പിന്നീട് കാണുന്നത് ഈ അടുത്തകാലത്തും. ഇപ്പോള്‍ അദ്ദേഹം കേരളത്തില്‍ എല്ലായിടത്തും അറിയപ്പെടുന്നതു കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ശരിക്കും വാസു പിഷാരടി ആശാന്റെ പഴയകാല വേഷങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് സോമന്‍- ചൊല്ലിയാട്ട ഭംഗി, വീരസ്ഥായി, ഔചിത്യബോധം, ഊര്‍ജ്ജസ്വലത തുടങ്ങിയവകൊണ്ട്.

Unknown പറഞ്ഞു...

ഹൊ സമാധാനം ഞാൻ കണ്ടതും ഇതൊക്കെ തന്നെയായിരിന്നു :-)

നല്ല വിശദീകരണം ഹരീ... :-)

Unknown പറഞ്ഞു...

അടുത്ത ദിവസങ്ങളിൽ നീലവെളിച്ചത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് ഒന്നു കൊടുത്തേക്കും. വിരോധമില്ലല്ലോ അല്ലേ!!

Sethunath UN പറഞ്ഞു...

നല്ല കാസ്റ്റിംഗ്. സുഭദ്രമായ സംഘാടനം . അമര്‍ന്ന കളി . നല്ല റിവ്യൂ . ഒക്കെക്കൂടി എനിക്ക് വിഷമമായി ഹരിയുടെ ബ്ലോഗ്‌ വായിച്ചിട്ട് . (വരാന്‍ പറ്റാത്തകൊണ്ടേ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--